വിദ്യാഭ്യാസം, പൊതുജനാരോഗ്യം
നൂറ്റമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അര്‍ക്കന്നൂര്‍ നെടുമണ്‍മഠത്തില്‍ ഗുരുകുലവിദ്യാലയം പ്രവര്‍ത്തിച്ചിരുന്നു. പില്‍ക്കാലത്ത് വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുകയാല്‍ അര്‍ക്കന്നൂരില്‍ ഒരു എലിമെന്‍ററി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. 1948-ല്‍ ഈ സ്കൂള്‍ ഗവണ്‍മെന്റിനു വിട്ടുകൊടുത്തു. മാടപ്പളളി പുത്തന്‍വീട്ടില്‍ കെ.നാരായണപിളള ഇളമാട് സ്ഥാപിച്ച ഭഗവതിവിലാസം പ്രൈമറി സ്കൂളാണ് പില്‍ക്കാലത്ത് ഇളമാട് ഗവണ്‍മെന്റ് യു.പി.സ്കൂളായി മാറിയത്. നെടുങ്ങാനൂര്‍ കൃഷ്ണപിളള തേവന്നൂര്‍ ആരംഭിച്ച ദേവിവിലാസം പ്രൈമറിസ്കൂളാണ് പില്‍ക്കാലത്ത് പഞ്ചായത്തിലെ ഏക ഗവ.ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. സാമൂഹിക-സാംസ്കാരിക-സാഹിത്യാദിരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധിയാളുകള്‍ ഈ പഞ്ചായത്തിലുണ്ടായിട്ടുണ്ട്. ഭാഷാ അദ്ധ്യാപകനായി സേവനമാരംഭിച്ച് കേരളത്തിലാദ്യമായി എ.ഇ.ഒ, ഹെഡ്മാസ്റ്റര്‍ എന്നീ പദവികളിലെത്തിയ കൈതേയില്‍ എന്‍.മാധവന്‍ അവര്‍കളും വിവിധ അവാര്‍ഡ് നേടിയ തേവന്നൂര്‍ മണിരാജും ദേശീയ അദ്ധ്യാപക അവാര്‍ഡ് ലഭിച്ച കൂമ്പല്ലൂര്‍ ബേബിയും പത്രപ്രവര്‍ത്തനരംഗത്ത് എം.അന്‍സാറുദ്ദീനും, പാറംകോട് ഗോപിനാഥപിളളയും ഇളമാട് പഞ്ചായത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിലൂടെ വളര്‍ന്നുവന്നവരാണ്. ഇളമാട് പഞ്ചായത്തില്‍ 4 ഗവണ്‍മെന്റ് സ്കൂളുകളും 7 എയ്ഡഡ് സ്കൂളുകളും അംഗീകാരമില്ലാത്ത 6 നേഴ്സറി & എല്‍.പി.സ്കൂളുകളുമുണ്ട്. ഈ പ്രദേശത്തെ രണ്ടു ഹൈസ്കൂളുകളാണ് തേവന്നൂര്‍ ഗവ.ഹൈസ്കൂളും അര്‍ക്കന്നൂര്‍ ഹൈസ്കൂളും. 1972-ല്‍ അന്നത്തെ പഞ്ചായത്തുപ്രസിഡന്റായിരുന്ന ആര്‍.പത്മനാഭന്‍ നായരുടേയും സഹപ്രവര്‍ത്തകരുടെയും ശ്രമഫലമായി ഇളമാട് കൃഷ്ണവിലാസത്ത് പരേതനായ പി.കുഞ്ഞുരാമന്‍ നായര്‍ വാടകയില്ലാതെ കൊടുത്ത കെട്ടിടത്തില്‍ ഒരു ഗവ.ഡിസ്പെന്‍സറി പ്രവര്‍ത്തനമാരംഭിച്ചു. ഈ സ്ഥാപനം 1988-ല്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയതോടെ പ്രവര്‍ത്തനമേഖലയിലും ജീവനക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. ഇപ്പോള്‍ ഒരേക്കര്‍ സ്ഥലത്ത് സര്‍ക്കാര്‍വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. മെഡിക്കല്‍ ആഫീസര്‍ ഉള്‍പ്പെടെ 17 ജീവനക്കാര്‍ ഇവിടെ ജോലിചെയ്യുന്നു.