ഗതാഗതം, ഊർജ്ജം
പഞ്ചായത്തിലൂടെ കടന്നുപോയിരുന്ന ആദ്യകാലറോഡുകള് ആയൂര്‍-ഇത്തിക്കര റോഡും, ആയൂര്‍-കേരളപുരം റോഡുമാണ്. ബ്രിട്ടീഷ് പട്ടാളം പിന്തുടര്ന്നപ്പോള് വേലുത്തമ്പിദളവ കിളിമാനൂര്‍ കൊട്ടാരത്തില്‍ ഉടവാള് ഏല്‍പ്പിച്ചിട്ട് അനുജന് പപ്പുത്തമ്പിയോടൊപ്പം മണ്ണടിയിലേയ്ക്കു രക്ഷപ്പെട്ടത് ആയൂര്‍-കേരളപുരം റോഡിലൂടെയാണ് എന്നാണ് ചരിത്രം. മുന്‍കാലത്ത് ഈ റോഡിലെ പ്രധാന വാഹനങ്ങള്‍ വില്ലുവണ്ടികളും കാളവണ്ടികളും അപൂര്‍വ്വം കുതിരവണ്ടികളുമായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ അമ്പലംമുക്കില്‍ വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനുവേണ്ടി വഴിയമ്പലവും ഭാരം വയ്ക്കുവാന്‍ ചുമടുതാങ്ങി കല്ലുകളുമുണ്ടായിരുന്നു. തലച്ചുമടുകളുമായി ഇതുവഴി ദൈനംദിനം ആളുകള്‍ സഞ്ചരിച്ചിരുന്നുവെന്നത് തീര്‍ച്ചയാണ്. പില്ക്കാലത്ത് ഈ വഴിയമ്പലവും ചമടുതാങ്ങിക്കല്ലുകളും നശിപ്പിച്ചിട്ടുളളതിന്റെ അവശിഷ്ടം ഇപ്പോഴും ഇവിടെ കാണാം. പുരാതനകാലത്ത് അര്ക്കന്നൂരിന്റെ പടിഞ്ഞാറുഭാഗത്ത് വിശാലമായ തെരുവ് നിലനിന്നിരുന്നതുകൊണ്ടാണ് ആ ഭാഗത്തിന് ചരിത്രത്തില്‍ തെരുവിന് ഭാഗം എന്ന പേരുണ്ടായത്. ഇളമാട് പഞ്ചായത്തിലൂടെ ആദ്യം ബസ് സര്‍വ്വീസ് നടത്തിയ റോഡ് ആയൂര്‍-ഓയൂര്വഴിയുള്ള ഇത്തിക്കര റോഡിലാണ്. ഇളമാട് പഞ്ചായത്തില്‍ ഇപ്പോള്‍ ബസ് സര്‍വ്വീസുളള മൂന്ന് പ്രധാന റോഡുകള്‍ ആയൂര്‍-ഓയൂര്‍-ഇത്തിക്കര റോഡും, ആയൂര്‍-അമ്പലംകുന്ന്-കൊല്ലം റോഡും, ആയൂര്‍-അമ്പലംമുക്ക്-പാറങ്കോട്-കൊട്ടാരക്കര റോഡുമാണ്. ബസ് സര്‍വ്വീസുളള മറ്റൊരു പ്രധാന റോഡ് അമ്പലംകുന്ന്-വാളിയോട് റോഡാണ്. പഞ്ചായത്ത് റോഡിലൂടെ നാമമാത്രമായെങ്കിലും ബസ് സര്‍വ്വീസ് നടത്തുന്ന മറ്റ് രണ്ട് റോഡുകള്‍ മണിയന്മുക്ക്-അര്‍ക്കന്നൂര്‍ റോഡും, ചെറിയവെളിനല്ലൂര്‍-കണ്ണങ്കോട് റോഡുമാണ്. ആകെ 228.6 കി.മീ. റോഡാണ് ഇവിടെയുളളത്. ആയൂര്‍ 66 കെ.വി.സബ് സ്റ്റേഷനും കൊട്ടാരക്കര 66 കെ.വി.സബ് സ്റ്റേഷനുമാണ് ഇളമാട് പഞ്ചായത്തിനാവശ്യമായ വൈദ്യുതി എത്തിക്കുന്നത്. പത്തൊന്‍പതു എല്‍.റ്റി.ട്രാന്‍സ്ഫോമറുകള്‍ വഴി പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ വൈദ്യുതിവിതരണം ചെയ്യപ്പെടുന്നു.