ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
സംസ്കാരം

ഒരു മഹത്തായ സാംസ്കാരികപാരമ്പര്യമുള്ള പഞ്ചായത്താണ് ഇളമാട്. ഒരുകാലത്ത് കൊയ്ത്തുപാട്ട്, തിരുവാതിരകളി, തലയാട്ടംകളി, കുത്തിയോട്ടം, കമ്പടികളി, കഥകളി, ഓട്ടംതുളളല്‍, പരിചമുട്ടുകളി, നാടോടിനൃത്തം തുടങ്ങിയ കലാരൂപങ്ങളുടെ ഈണവും താളവും മുഴങ്ങികേട്ടിരുന്ന പഞ്ചായത്താണിത്. കൂടിയാട്ടം, ചാക്യാര്‍കൂത്ത്, മോഹിനിയാട്ടം, കഥകളി, ഓട്ടംതുളളല്‍, പാഠകം, ഹരികഥ തുടങ്ങിയ നിരവധി കലാരൂപങ്ങളുടെ പ്രദര്‍ശനവേദികളും പോഷണകേന്ദ്രങ്ങളുമായിരുന്നു ക്ഷേത്രങ്ങള്‍. പഞ്ചായത്തില്‍ പത്തോളം ഹൈന്ദവക്ഷേത്രങ്ങളുണ്ട്. ഇളമാട് ഭരണിക്കാവിലെ മീനഭരണി, കുംഭഭരണി, മേടഭരണി മഹോത്സവങ്ങള്‍ പ്രസിദ്ധമാണ്. ചെറുവക്കല്‍ കുമ്പല്ലൂര്‍കാവ് ധര്‍മ്മശാസ്താക്ഷേത്രത്തിലെ (ഉത്രം) തിരുനാള്‍മഹോത്സവം പ്രസിദ്ധമാണ്. പാറംകോട്ട തടപ്പളളിക്കോണം ശ്രീദുര്‍ഗ്ഗാക്ഷേത്രത്തിന്റെ മുന്നിലായി എപ്പോഴും തിളച്ചുമറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു കുളമുണ്ട്. അതില്‍നിന്ന് ശംഖും, വെളുത്തമണലും എപ്പോഴും ഉയര്‍ന്നുവരുന്നു. എല്ലാക്ഷേത്രങ്ങളിലും ഉത്സവങ്ങള്‍ നടത്താറുണ്ട്. ഉത്സവത്തോടനുബന്ധിച്ചുളള ഘോഷയാത്രകളില്‍ നാനാജാതിമതസ്ഥര്‍ പങ്കെടുക്കുന്നു. പഞ്ചായത്തില്‍ 3 മുസ്ളീംപളളികളാണുളളത്. 20-പരം ക്രിസ്തീയദേവാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. പഞ്ചായത്തില്‍ 7 ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നു.