ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
സ്ഥലനാമചരിത്രം

പ്രകൃതിസൌന്ദര്യംകൊണ്ടും ഫലപുഷ്ടികൊണ്ടും സമ്പന്നമായ ഈ പ്രദേശം ഇളയിടത്തുസ്വരൂപം കഴിഞ്ഞാല്‍ രണ്ടാമത്തേത് ഇവിടമാണെന്നുകണ്ട് ഇളയിടത്തുനാടിന്റെ പേരുള്‍പ്പെടുത്തി ഇളമാട് എന്നുപേര്‍ കൊടുത്തു. ഇളംനാട് മാറി ഇളമാട് ആയതാണെന്ന് പഴമക്കാര്‍ പറയുന്നു. തലചുമടുമായി വരുന്ന ആളുകള്‍ക്ക് ചുമട് ഇറക്കുവാനും തിരികെ എടുക്കുവാനും ചുമടുതാങ്ങികള്‍ ഉണ്ടായിരുന്നു. കൂടാതെ വിശ്രമിക്കുന്നതിന് വഴിയമ്പലങ്ങളും ഉണ്ടായിരുന്നു. അപ്രകാരമുള്ള ചുമടുതാങ്ങിയും വഴിയമ്പലവും ഇളമാട് അമ്പലംമുക്കില്‍ ഉണ്ടായിരുന്നു. ഇളമാട് ക്ഷേത്രത്തിന് സമീപമുളള വല്ലാരിവീട്ടിലെ ഒരു കാരണവര്‍ 200 വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മ്മിച്ചതാണ് ഇത്. അപ്രകാരം വചാരി വച്ചുകെട്ടിയ അമ്പലമായതുകൊണ്ടാണ് ആ സ്ഥലത്തിന് വചാരികെട്ടി അമ്പലം എന്നു പേരുണ്ടായത്. അതു ലോപിച്ചാണ് ഇപ്പോഴത്തെ അമ്പലംമുക്കായത്. ആറുകുന്ന് മുറി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രദേശമാണ് ഇന്നത്തെ അര്‍ക്കന്നൂര്‍. ഇന്നത്തെ ഇലവിന്‍മൂട് മുതല്‍ മടവൂര്‍ അറുകാഞ്ഞിരം വരെയുള്ള പ്രദേശത്തെ പാത കരിതട്ടിത്തെരുവ് എന്നറിയപ്പെട്ടിരുന്നു. 300-ല്‍ പരം വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രമാണ് കൂമ്പല്ലൂര്‍ക്കാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം. ഇതിനോട് ചേര്‍ന്ന് ഒരു വലിയ കാവുണ്ട്. ഐതിഹ്യപരമായും ഇളമാട് പഞ്ചായത്തിന് പ്രത്യേകതകളുണ്ട്. പാറംകോട് വാര്‍ഡില്‍ കടപ്പള്ളിക്കോണം ക്ഷേത്രത്തിന് പടിഞ്ഞാറുള്ള വറ്റാത്ത ജലസ്രോതസ്സ് ആരെയും ആകര്‍ഷിക്കുന്നതും അത്ഭുതകരവുമാണ്. പൂക്കുറ്റിപോലെ അടിത്തട്ടില്‍ നിന്നും മുകളിലേക്കുവരുന്ന ഈ ജലധാരയോടൊപ്പം ശംഖുകളും കക്കകളും വിവിധതരം മുത്തുച്ചിപ്പികള്‍ എന്നിവയോടൊപ്പം കടല്‍തീരത്തെ മണലുകളും ഉയര്‍ന്നുവരുന്നു. നീര്‍കുമിളകളോടൊപ്പമാണ് ഇവ പുറത്തുവരുന്നത്. ഈ സ്ഥലം പണ്ട് കടലായിരുന്നെന്നും ദേവിയുടെ ദര്‍ശനം പടിഞ്ഞാറോട്ട് അഭിമുഖമായതിനാല്‍ കടല്‍ പിന്‍വാങ്ങിപോയതാണെന്നുമാണ് ഐതിഹ്യം. വരുണഭഗവാന്‍ പളളികൊളളുന്ന സ്ഥലമായതിനാലാകണം ഈ സ്ഥലത്തിന് കടപ്പളളിക്കോണം എന്ന് പേര് ലഭിച്ചത്.